Indian News

സിസേറിയനിടെ രണ്ടിലധികം അനസ്‌തേഷ്യ, യുവതി കോമയില്‍ ...

Source: , Posted On:   24 January 2021

അറബ് യുവതിയ്ക്കും ഭര്‍ത്താവിനും ശാരീരികവും ധാര്‍മ്മികവും ഭൗതികവുമായി സംഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക് ആശുപത്രിയും ഡോക്ടറും ചേര്‍ന്ന് 13 ലക്ഷം ദിനാര്‍ നല്‍കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. സി- സെക്ഷന്‍ ഓപ്പറേഷനിടെ സംഭവിച്ച പിഴവില്‍ യുവതിയുടെ ഭര്‍ത്താവ് ഡോക്ടറിനും ആശുപത്രിയ്ക്കും എതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

പ്രസവവേദന അനുഭവപ്പെട്ടതിന് പിന്നാലെയാണ് യുവതി ആശുപത്രിയില്‍ പോയത്. മറ്റ് രോഗങ്ങളൊന്നും യുവതിയ്ക്ക് ഉണ്ടായിരുന്നില്ല. സാധാരണ പ്രസവം നടക്കാതിരുന്നതിനാല്‍ സിസേറിയന്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, ഓപ്പറേഷന്‍ കഴിഞ്ഞപ്പോള്‍ യുവതിയുടെ ഹൃദയം നിലയ്ക്കുകയും കോമയിലേക്ക് പോകുകയും ചെയ്തു.

ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്താലും ഗ്യാസ്ട്രിക് ട്യൂബിലൂടെ ഭക്ഷണം നല്‍കുകയും ചെയ്തതിനാലും യുവതി ദിവസങ്ങളോളം ഐസിയുവിലായിരുന്നു. ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ പിഴവ് മൂലമാണ് ഭാര്യയ്ക്ക് ഇത്തരത്തില്‍ സംഭവിച്ചതെന്ന് ഭര്‍ത്താവ് ആരോപിച്ചു. അവളുടെ ആരോഗ്യസ്ഥിതി കണക്കിലെടുക്കാതെ ധാരാളം അനസ്‌തേഷ്യകള്‍ നല്‍കിയതായും ഇതേതുടര്‍ന്ന്, കോമയിലേക്ക് പോകുകയായിരുന്നെന്നും ഭര്‍ത്താവ് ആരോപിക്കുന്നു.

ഡോക്ടര്‍ക്ക് ഗുരുതരമായ പിഴവ് പറ്റിയെന്നും രോഗിയ്ക്ക് അനസ്‌തേഷ്യ ചെയ്തപ്പോള്‍ മെഡിക്കല്‍ തത്വങ്ങളും നിയമങ്ങളും പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്നും സുപ്രീം കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗിയ്ക്ക് നട്ടെല്ലില്‍ അനസ്‌തേഷ്യ നല്‍കാന്‍ ഡോക്ടര്‍ പലതവണ ശ്രമിച്ചെങ്കിലും അത് യുവതിയില്‍ വേണ്ടവിധം പ്രവര്‍ത്തിച്ചില്ല.
മറ്റൊരു അനസ്‌തേഷ്യോളജിസ്റ്റിന്റെ സഹായം തേടാന്‍ ഡോക്ടര്‍ മെനക്കെട്ടുമില്ല. ഇത് തലച്ചോറിലെ ഓക്‌സിജന്റെ അഭാവത്തിലേക്ക് രോഗിയെ കൊണ്ടുപോയി. തങ്ങള്‍ക്കുണ്ടായ ഈ ബുദ്ധിമുട്ടുകള്‍ക്കെല്ലാം നഷ്ടപരിഹാരം നല്‍കണമെന്ന് ഭര്‍ത്താവ് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു. ഇതിന്‍പ്രകാരമാണ് കോടതി 13 ലക്ഷം ദിനാര്‍ നഷ്ടപരിഹാരം വിധിച്ചത്. ആശുപത്രിയും ഡോക്ടറും വിധിയെ ചോദ്യം ചെയ്‌തെങ്കിലും അപ്പീല്‍ കോടതി അപ്പീല്‍ നിരസിക്കുകയും വിധി നടപ്പാക്കുകയും ചെയ്തു.

 

 

Back